"എവിടെ പറഞ്ഞു തുടങ്ങണമെന്നറിയില്ല." സാറ ആകെ ചമ്മിയയൊരവസ്ഥയിൽ നിൽപ്പാണ്. ഭാമയും പ്രിയതമയും, മെഴുകുതിരി കൊളുത്തി വയ്യ്ക്കുന്ന തിരക്കിലായിരുന്നു. കടലിൽ നിന്നും കരയിലേക്ക് അടിച്ചു വീശുന്ന കാറ്റ്, തീനാളങ്ങളെ കെടുത്തുവാൻ ആഞ്ഞു ശ്രമിക്കുന്നുണ്ടേലും, ഭാമയും, പ്രിയതമയും വിട്ടുകൊടുക്കുന്ന മട്ടില്ല.
വെള്ളിയാഴ്ച്ചകളിൽ മൂവർക്കും വെട്ടുകാട് പള്ളി സന്ദർശിക്കുന്ന ഒരു പതിവുണ്ട്.
സാറ തുടക്കമ്മിട്ടൊരു പദ്ധതിയായിരുന്നത്.ഒമ്പതു വെള്ളിയാഴ്ച്ചയടുപ്പിച്ചു, പച്ചവെള്ളം പോലും കുടിക്കാതെ രാവിലെ മുതൽ വൈകുന്നേരം വരെ വെറും വയറ്റിൽ പിടിച്ചു നിന്ന്, വൈകുന്നേരം വന്നു, വെട്ടുകാടുള്ള ഈശോയുടെ തിരു രൂപത്തിനു മുന്നിൽ , തിരി കൊളുത്തി വച്ചു പ്രാർത്ഥിച്ചാൽ, ഉദ്ദിഷ്ട കാര്യസിദ്ധി, എന്നാ സാറയുടെയൊരു വിശ്വാസം. അങ്ങനെ തുടങ്ങിയൊരു വിശ്വാസമിന്നിപ്പോൾ വർഷങ്ങൾ നീണ്ടയൊരു ആചാരമായി അവർക്കിടയിൽ മാറിക്കഴിഞ്ഞിരിക്കുന്നത്.
തിരി കൊളുത്തി വച്ചു കഴിഞ്ഞപ്പോൾ അവർ മൂന്നു പേരും ഈശോയുടെ തിരുരൂപത്തിനു മുന്നിൽ പോയി മുട്ടു കുത്തി നിന്നു.
"ഞാനിനി എന്ത് പ്രാർത്ഥിക്കാനാ, എന്റെ കർത്താവെ?" സാറ മനസ്സിൽ പറഞ്ഞു.
പ്രിയതമ പക്ഷേ, ആർക്കെല്ലാമോ വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് താനും.ഭാമക്കും കർത്താവിനു സമർപ്പിക്കാൻ പരാതികൾ ഒരുപാട് ഉണ്ട്."പള്ളിയിൽ കയറിയാലോ?" ഭാമ തന്റെ മുട്ടേകുത്തി നിൽപ്പ് മതിയാക്കി ചോദിച്ചു.
"വാ, പോകാം." സാറ ഏറ്റു പിടിച്ചു,പക്ഷേ പ്രിയതമ അപ്പോഴും എന്തെല്ലാമോ ജപിക്കുക ആയിരുന്നു.
"എന്റെ പ്രിയേ. ഒന്ന് മതിയാക്കെടി.ഇതിപ്പോ ആർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്."സാറ തിരക്കി
"മൃണേഷിന് ഒരു ഇന്റർവ്യൂ ഉണ്ട്. ഇത് അതിനു വേണ്ടിയുള്ള പ്രാർത്ഥന ആണ്."
"എടി കോപ്പേ. വല്ലോ വായിൽ കൊള്ളുന്ന പേരുള്ള കാമുകനെ നിനക്ക് സെലക്ട് ചെയ്തൂടെ? ഇത് ഒരുമാതിരി മൃഗേഷ്, ഗതിഷ്, കപീഷ്!"