സാറയുടെ അമ്മച്ചി അന്നമ്മയ്ക്ക്...വയസ്സ് കൃത്യമായി പറഞ്ഞാൽ എഴുപത്തിയോൻപത് ആയിട്ടുണ്ട്. അന്നമ്മാ പക്ഷേ തനിക്ക് അത്രക്കും പ്രായമായെന്ന് സമ്മതിച്ചു തരാൻ അൽപ്പം മടിയുള്ള കൂട്ടത്തിലുമാണ്. അന്നമ്മയുടെ ഭർത്താവ് തോമാച്ചന്,എന്നാൽ പ്രായം എൺപത്തിയഞ്ചിനോട് അടുക്കുകയും, ഒപ്പം പ്രായത്തിനൊത്ത അവശദയും അദ്ദേഹം കാട്ടുകയും ചെയ്തിരുന്നു. പരസഹായം ഇല്ലാതെ തോമാച്ചന് കട്ടിലേന്ന് എഴുനേൽക്കാൻ പറ്റാത്തയത്രയും അവശദ മൂപ്പർക്ക് വന്നു ഭവിച്ചിരുന്നു. അന്നമ്മക്കും തോമാച്ചനും മക്കള് മൂന്നാണ്. പക്ഷേ സാറ മാത്രമേ അവർക്ക് ആവശ്യത്തിന് ഉപകരിക്കാറുള്ളു. ബാക്കിയുള്ള രണ്ടു മക്കൾക്ക്,എപ്പോഴും അവരവരുടെ തിരക്കുകൾ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി അന്നമ്മക്ക് സ്ട്രോക് വന്നു ആശുപത്രിയിൽ കിടക്കേണ്ടി വന്നപ്പോഴും സാറക്ക് ആയിരുന്നു അന്നേരവും കൂട്ടിരിപ്പ് ഡ്യൂട്ടി കിട്ടിയത് .അന്നമ്മയുടെ ഇടതു വശമായിരുന്നു പൊടുന്നനെ തളർന്നു പോയത്. സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ട്, അന്നമ്മയ്ക്ക് കൂടുതൽ അപകടമൊന്നും വന്നു ഭവിച്ചില്ല. അന്നു രാത്രി അന്നമ്മ കിടന്നിരുന്ന ICU നു മുന്നിൽ കൂട്ടിരിക്കാൻ സാറക്ക് ആയിരുന്നു നറുക്ക് വീണിരുന്നത്. രാത്രി ഏക വൈകി തുടങ്ങി. ആശുപത്രി വരാന്തയിൽ ആണേൽ ഒടുക്കലത്തെ കൊതു ശല്യവും, ചൂടും. രാത്രി ഒരു മഴ പെയ്യ്തിരുന്നെങ്കിലെന്ന് സാറ വെറുതെ ആഗ്രഹിച്ചു പോയി. പലരും വരാന്തയിൽ തുണി വിരിച്ചും, ന്യൂസ് പേപ്പർ വിരിച്ചുമൊക്കെ ഉറക്കം തുടങ്ങിയിരുന്നു. സാറ അത്രയും നേരം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രിയതമയോടും ഭാമയോടുമെല്ലാം വിശേഷം പങ്കു വച്ചിരിക്കുകയായിരുന്നു.
"ആരോടും പ്രണയം തോന്നാത്തയൊരു അവസ്ഥയുണ്ട്. ഒന്നിനെയും സ്വന്തമാക്കാൻ പറ്റില്ലെന്ന തിരിച്ചറിവിൽ, ഒരാൾ എത്തിപ്പെട്ടെക്കാവുന്ന ഒരു അവസ്ഥ.എല്ലാം... കുറച്ചു നേരത്തേക്ക് മാത്രം. ഒന്നിനോടും ആത്മാർത്ഥ ഇല്ലാത്ത അവസ്ഥ." സാറ ഒരു കുമ്പസാരമെന്നോണം ഭാമയോടും പ്രിയതമയോടും ഗ്രൂപ്പിൽ പറഞ്ഞു.