ധന്യയുടെ ഋതുമതിയായ മകൾ, അമ്പിളിയെ കാണാൻ പലരും വന്നു പോയി. അവരിൽ ചിലർ അവൾക്ക് പുതിയ ഉടുപ്പുകളും, സ്വർണ്ണ കമ്മലുമൊക്കെ സമ്മാനമായി നൽകി.
പിന്നെ ചേദമില്ലാത്ത ഒരു 'ഉപഹാരം ' പല മുതിർന്ന സ്ത്രീകളും അമ്പിളിക്ക് വെറുതെ നൽകിയിട്ട് പോയിരുന്നു. അതിന്റെ പേരാണ് 'ഉപദേശം'."അമ്പിളി, നീ വലിയ കുട്ടിയായി, ഇനിമുതൽ ആണുങ്ങളുടെ കൂടെ മിണ്ടാനോ, കളിക്കാനോ ഒന്നും പോകരുത്. എല്ലാത്തിനും ഒരു അടുക്കവും ഒതുക്കവും വേണം കേട്ടോ. ഇങ്ങനെ തള്ളി പിടിച്ചു കൊണ്ട് ചാടി ചാടി നടക്കരുത്."ഇങ്ങനെ അമ്പിളിയോട് പറഞ്ഞു തുടങ്ങിയത് ധന്യയുടെ മൂത്ത നാത്തൂനാണ്.ഇങ്ങനെയുള്ള ഉപദേശം സ്വീകരിച്ച പല തലമുറകളിലെ പെണ്ണുങ്ങൾ ഇപ്പോഴും തല കുമ്പിട്ട് കൂനി കൂനി നടക്കുന്നവരുമുണ്ട്.
"പെണ്ണുങ്ങളുടെ ശബ്ദം ഉമ്മറത്തു കേൾക്കരുത്, ഉറക്കെ ചിരിക്കരുത്, ആണുങ്ങൾ അഭിപ്രായം പറയുന്നിടത്തു പോയിരുന്നു അഭിപ്രായം പറയാൻ നിൽക്കരുത്. അവരുടെ ഒപ്പത്തിനൊപ്പം കയറി ഇരിക്കരുത്. ഇനി മുതൽ വീട്ടിലെ ആണുങ്ങൾ കഴിച്ചിട്ടേ നീ കഴിക്കാമുള്ളു." ഇതു പറഞ്ഞത് ദാക്ഷായണി ചിറ്റമ്മയാണ്. പുള്ളിക്കാരി കാലം മാറി പോയതൊന്നും അറിഞ്ഞ മട്ടില്ല.
" ശരീരം കാണിക്കുന്നതും , ദേഹത്ത് ഒട്ടി കിടക്കുന്ന കുട്ടി കുപ്പായമൊന്നും കുട്ടി ഇടാൻ നിൽക്കണ്ട. ഇപ്പഴത്തെ ഓരോ ഫാഷൻ കണ്ടാൽ ചൂൽ എടുത്ത് പെൺപിള്ളേരെ തല്ലാൻ തോന്നും.ഇവറ്റകളെ ഒക്കെ ഇങ്ങനെ നടക്കാൻ കയറൂരി വിട്ടിരിക്കുന്ന അവരുടെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ!" ഈ ഗോമതി വല്യമ്മ തന്റെ നയം വ്യക്തമാക്കി..
"വെറുതെ ഇരിക്കുന്ന ആണുങ്ങളെ, അങ്ങോട്ട് പോയി തലയും മുലയും കാട്ടി, അവര് ഓരോന്ന് ചെയ്യ്തു പോകുമ്പോളത് സ്ത്രീപീഡനമായി. അല്ലേലും ആണുങ്ങളെ എങ്ങനെ കുറ്റം പറയും? അവരെ പോയി ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയിട്ടല്ലേ ഓരോരുത്തരു പീഡപ്പിക്കപ്പെട്ടു പോകുന്നേ.പണ്ടുള്ള പെൺകുട്ടികളു ആണുങ്ങളുടെ മുഖത്തേക്ക് പോലും നോക്കില്ല.ഇന്നാണേൽ ഓരോന്ന് ഓരോത്തൻമാരുടെ മടിയിൽ അല്ലെ കയറി ഇരിക്കുന്നത്." ഗിരിജ കുഞ്ഞമ്മക്ക് ഇപ്പോഴത്തെ പെൺകുട്ടികൾ കാട്ടി കൂട്ടുന്ന കോപ്രായങ്ങളൊന്നും തീരെ സഹിക്കാൻ പറ്റുന്നില്ലാത്ത മട്ടാണ്.