ഭാമയുടെ അച്ഛൻ സുലോചനൻ നായർ മരിച്ച കാര്യം സാറയെ വിളിച്ച് അറിയിച്ചത് അവളുടെ രണ്ടാമത്തെ മകൾ ആവണി ആയിരുന്നു.സാറ മരണ വീട്ടിൽ എത്തിയപ്പോൾ, നട്ടാചാരം അനുസരിച്ചു ആണുങ്ങൾ വീടിന്റെ മുന്നിലെ റോഡിലും പരിസരതുമായി അവിടിവിടായി കൂട്ടം കൂടി നിൽപ്പുണ്ട്. സ്ത്രീകൾ വീടിനുള്ളിൽ ഇടിച്ചു തിങ്ങി, നിൽക്കാനോ, ഇരിക്കാനോ, ഒന്ന് നീങ്ങി നിൽക്കാനോ പറ്റാതെ, ശ്വാസം മുട്ടിയ അവസ്ഥയിൽ മൃതദേഹത്തിനു ചുറ്റിനും, സ്റ്റൈയർ കേസിന് ചുവട്ടിലുമായി ഒതുങ്ങി കൂടി നിൽപ്പുണ്ട്.
പുരുഷൻമാരിൽ കൂടുതലും പതിവുപോലെ നാട്ടുകാര്യവും, രാഷ്ട്രീയവും പറഞ്ഞു നിൽപ്പാണ്.എന്നാൽ ചുരുക്കം ചിലർ മാത്രം സുലോചനൻ നായരുടെ വിയോഗത്തെ പറ്റി ചർച്ച ചെയ്യുന്നുണ്ട്.
" എപ്പോഴായിരുന്നു?"
"എങ്ങനായിരിക്കുന്നു?"
"ബാധ്യതകൾ ഉണ്ടായിരുന്നോ?"
"ആരേലും വാരാനുണ്ടോ?"
"എപ്പോഴാ എടുക്കുന്നത്?"ഇമ്മാതിരി പതിവ് വർത്താനങ്ങൾക്കിടയിലും അല്പസ്വല്പ പരദൂഷണങ്ങളും ആണുങ്ങളുടെ ഭാഗത്തു നടക്കുന്നുണ്ടായിരുന്നു.
"സുലോചനൻ നായരുടെ മൂത്ത മകളെയാണോ,രണ്ടാമത്തവളെയാണോ ഭർത്താവ് കളഞ്ഞിട്ട് പോയത് ?" കൂട്ടത്തിൽ ഒരു പുരുഷൻ മറ്റൊരു പുരുഷനോട് തിരക്കി.
"ഇളയതിന്റെ ആണെന്ന് തോന്നുന്നു." അവർ ഭാമയെ പറ്റി ഇങ്ങനെ സംസാരിക്കുന്നതും കേട്ടുകൊണ്ടാണ് സാറ വീടിന്റെ മുന്നിലായി നിരന്നു നിന്നിരുന്ന ആണുങ്ങളെ വകഞ്ഞു മാറ്റികൊണ്ട് അകത്തേക്ക് പ്രവേശിക്കുന്നത്.
ഒരു മരണ വീട്ടിൽ ചെന്നാൽ ആളുകൾ ഏറ്റവും കൂടുതൽ അഭിമുഖികരിക്കുന്ന പ്രശ്നം " ചെരുപ്പ് എവിടെ ഊരി ഇടും? " എന്നതാണ്. കാരണം അവിടുന്ന് പോരാൻ നേരത്തും ഈ സാധനം അവിടുന്ന് തന്നെ തിരിച്ചു കാലേൽ ഇട്ടോണ്ട് പോകാനുള്ളതല്ലേ?ചെയുതാണേലും ഇതൊക്കെ ചിലർക്കെല്ലാം വലിയ പ്രശ്നങ്ങൾ ആണ്.
എന്തായാലും സാറ തന്റെ പാദുകങ്ങൾ ഊരി, മുന്നിൽ കണ്ട ചെടിചട്ടിക്ക് പിന്നിൽ ചേർത്ത് വച്ചു.സാറയെ കണ്ടതും ഭാമയുടെ കണ്ണുകൾ നിറഞ്ഞു വന്നു. അന്നേരം എങ്ങനെ പ്രതികരിക്കണമെന്ന് സാറയ്ക്കും അറിയില്ലായിരുന്നു. അല്ലേലും മരണവീട്ടിലേക്ക് എങ്ങനെ കയറി ചെല്ലണമെന്ന് പലർക്കും ഒരു ധാരണ ഉണ്ടാവില്ല.