അവളാണെന്റെ ലോകം
💕."."."."."."."."."."."💕ഞാനെന്റെ പ്രണയത്തെ കുറിച്ചു വാചാലനായി...
"അതേ,, ഈ ആദിയുടെ പ്രണയം ദിവ്യമാണ് ഉമ്മാ,,, സ്പർശന സുഖം ഏൽക്കാതെ കിനാവിലൂടെ മാത്രം നെയ്തെടുത്ത സ്നേഹാഗോപുരം,,കളങ്കമേൽക്കാത്ത പ്രണയം ,,,,, അത് കൊണ്ട് തന്നെ ദിവ്യ പ്രണയം എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ ".... അതും പറഞ് ഞാൻ എന്റെ ഉമ്മയ്ക്ക് മുന്നിൽ വന്നു നിന്നു... എന്തോ ഉമ്മയെനിക്ക് മുഖം തരാതെ പിന്തിരിഞ്ഞു കളഞ്ഞു... പിറകിലെ ചെന്ന് ഞാൻ ഉമ്മയുടെ കഴുത്തിന് ഇരു കരങ്ങൾ കൊണ്ട് വലയം ചെയ്തു വെച്ചു...
"എന്തേയ്,,, ആയിഷുമ്മ കുട്ടിക്ക് ഇന്നിത്ര ഗൗരവം,,, ഓഹ്,, ഇങ്ങളെ അഹമ്മദ് മാരൻ വന്നില്ലല്ലോ,,, അതിന്റെ പവർ കട്ട് ആണോ മുഖത്തു "... അതും പറഞ് ഞാൻ ഉമ്മയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു...
"പോടാ ഹംക്കെ,,, സ്വന്തം ഉപ്പാനെ പറയുന്നത് കേട്ടില്ലേ,,, ഇങ്ങനെയൊക്കെ പറയാൻ എന്റെ മോന് നല്ലോണം അറിയാല്ലോ ".. പറഞ്ഞു തീർന്നതും ഉമ്മയെന്റെ കൈകളെ അടർത്തി മാറ്റി എന്റെ ബെഡിൽ പോയിരുന്നു...
"എന്തിനാ ആദി,, ഇയ്യിങ്ങനെ വാശി കാണിക്കുന്നേ,, ??,, എന്താ ഏതാ എന്നറിയാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി നീ ഇങ്ങനെ ഉപ്പയോട് എതിർത്ത് സംസാരിക്കേണ്ട കാര്യമില്ലായിരുന്നു... ഉപ്പയ്ക്കത് നിന്നോടുള്ള ദേഷ്യം കൂട്ടുകയേ ഉള്ളു... "
"ഉമ്മ പറഞ്ഞത് ശരിയാണ്,,, പക്ഷെ എനിക്ക് പറ്റില്ല,, സനയെ എന്റെ പെണ്ണായിട്ട് കാണാൻ,, സങ്കൽപ്പിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്.. "
"ഹും,,, സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഒരല്പം പ്രയാസമാണ് ആദി,,, ജീവിതത്തിൽ ഇന്നേ വരെ നേരിൽ കാണാത്ത പെണ്ണിനെ നിന്റെ സ്വന്തമാണെന്ന് സങ്കൽപ്പിക്കാൻ കഴിയുന്ന നിനക്കു,, ജീവനേക്കാളേറെ നിന്നെ സ്നേഹിക്കുന്ന പെണ്ണിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അത് ഞാൻ വിശ്വസിക്കണോ,,, നിന്റെ ഉപ്പ കൊടുത്ത വാക്കിന്റെ പുറത്തു മാത്രമാണ് അവൾ നിന്നെയും പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുന്നത്... എന്നെങ്കിലും നിന്റെ മനസ്സ് മാറുമെന്ന് കരുതി,,, പക്ഷെ നീ,, നാൾക്കു നാൾ കഴിയുന്തോറും ഞങ്ങളുടെയൊക്കെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്... നീയെന്താ ആദി പ്രായോഗികമായി ഇനിയും ചിന്തിക്കാത്തത്,, നീ കിനാവ് കണ്ടത് പോലൊരു പെണ്ണെനി ഇല്ലെങ്കിലോ ???"...