"എടി നമ്മൾ രണ്ടും ഒരമ്മയുടെ വയറ്റിൽ പിറന്ന സഹോദരങ്ങളുടെ മക്കളാ. ബ്ലഡ് റിലേഷൻ. അതായത് എനിക്ക് നീ എന്റെ അനുജത്തിയാ. അത് നീ ആദ്യം മനസ്സിലാക്ക്. ""എന്നിട്ടാ അച്ഛനും അമ്മായിമൊക്കെ ചേർന്ന് കുഞ്ഞിലേ തന്നെ നമ്മുടെ കല്യാണം ഉറപ്പിച്ചു വച്ചേക്കുന്നേ. അവർക്കും വട്ടാണന്നാണോ പറഞ്ഞു വരുന്നേ."
"അവരൊക്കെ പണ്ട് പറഞ്ഞ തമാശയൊക്കെ ഇപ്പോഴും മനസ്സിൽ വച്ചോണ്ട് നടക്കുന്ന നിന്നെ തെരണ്ടി വാല് കൊണ്ട് അടിക്കണം."
"പണ്ട് മാത്രം അല്ല. ഇപ്പോഴും പറയുന്നുണ്ട്."
"ഞാൻ കേട്ടില്ല."
"കേൾക്കില്ല"
"ഞാൻ നിന്നെ പോലെ ജോലിയും കൂലിയും ഇല്ലാതെ പൈങ്കിളി നോവലും വായിച്ചു സീരിയലും കണ്ടു വീട്ടിൽ കുത്തിയിരിക്കുവല്ല അവരൊക്കെ പറയുന്ന തമാശ കേൾക്കാൻ." അജുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.
അവന്റെ ഒച്ച മാറുന്നത് കേട്ട് അവൾ പിറുപിറുത്തു.
"ഞാൻ എന്തേലും പറഞ്ഞാൽ അപ്പോ ദേഷ്യം വരും "
"മിണ്ടാതെ നടന്നോ. ഇല്ലെങ്കിൽ ഞാനിപ്പോ എടുത്തു തോട്ടിൽ കളയും." അവൻ മുരണ്ടു.
വിഷ്ണുവും കാർത്തികയും ഒതുക്ക് കയറി ചെല്ലുമ്പോൾ ദേവരാജനും സുനന്ദയും ഉമ്മറ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. ചൂട് കട്ടൻ ഊതി കുടിക്കുകയായിരുന്നു അയാൾ.
കൃഷി തന്നെയാണ് ദേവരാജന്റെയും ജോലി. കുറച്ചു പറമ്പുണ്ട്. എല്ലാതരം പച്ചക്കറികളും വിളയിച്ചു എടുത്തിട്ടുണ്ട്. പാടത്തു നെല്ല് കൃഷി ചെയുന്നുണ്ട്. പിന്നെ നാലഞ്ചു പശുക്കളും.
"വാ വിഷ്ണു .. ഇരിക്ക്." ദേവരാജൻ ഒന്നുലഞ്ഞിരുന്നു:
"ഇവളെ കാണാഞ്ഞിട്ടാ ചെക്കനെ അങ്ങോട്ട് വിട്ടത്. അവനിങ്ങു വിളിച്ചോണ്ട് വരുമായിരുന്നല്ലോ."
"അത് സാരമില്ല അമ്മാവാ. എന്തായാലും ഞാനിങ്ങോട്ട് വരാനിരുന്നതാ." കാർത്തിക നേരെ അകത്തേക്ക് കയറി പോയി.
വിഷ്ണു തിണ്ണയിൽ ഇരുന്നു.
"ഞാൻ കാപ്പിയെടുക്കാം. " സുനന്ദ എണീറ്റു.