ഭാഗം 22🪷

359 35 10
                                    

വർക്ക് ഏരിയയുടെ മുകളിൽ  നിന്നും വിഷ്ണു താഴെ എത്തിയപ്പോൾ മുൻവശത്ത് നിന്നും മുറ്റത്ത് വിരിച്ചിരിക്കുന്ന  ചരലിലൂടെ ആരോ പിന്നിലേക്ക് നടന്നടുക്കുന്ന ഒച്ച കേട്ടു. വിഷ്ണു ഒന്ന് നടുങ്ങി.

തിടുക്കത്തിൽ  വർക്ക് ഏരിയയുടെ പിന്നിലെ ഇരുളിലേക്ക്  പതുങ്ങിയിരുന്നു. ശ്വാസമടക്കി ശ്രദ്ധിച്ചു. പുറത്തിറങ്ങിiയത് തമ്പി തന്നെയാണെന്ന് വിഷ്ണു ഉറപ്പിച്ചു. അയാൾക്ക് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാവും. അപ്പോൾ  മുന്നിലൂടെ  തമ്പി  നടന്നു പോകുന്നത് അവൻ  കണ്ടു. ഉള്ളിലെ  മദ്യവും പാതി ഉറക്കവും കൂടി ചേർന്ന്  അയാളുടെ ചുവടുകളുടെ  ബാലൻസ് തെറ്റിക്കുന്നുണ്ട്. വാഴയുടെ ചുവട്ടിലെത്തി അയാൾ ലുങ്കിയുടെ മുൻവശം  ഉയർത്തി പിടിക്കുന്നു. പൈപ്പ് തുറന്ന് വിട്ടത്  പോലെ മൂത്രം വീഴുന്ന ഒച്ച  കേട്ടു.

ഉള്ളിൽ  ബാത്റൂമുണ്ടായിട്ടും ഈ നാറി ഇതെന്ത് പണിയാണ് കാണിക്കുന്നതെന്ന്  വിഷ്ണു ഓർത്തു. കാറ്റ് കൊണ്ടാലേ ഇയാൾക്ക് കാര്യം സാധിക്കാൻ ഒക്കുള്ളോ?

പൊടുന്നനെ അവന്റെ  മനസ്സിലേയ്ക്ക് തമ്പി  ആക്രമിക്കുന്ന  രംഗം ഓർമ വന്നു. ഒപ്പം പ്രതികാരം ചിന്തയും ഉടലെടുത്തു. ഒട്ടും സമയം പാഴാക്കാനില്ല.  ഇനി  ചിലപ്പോൾ ഇത് പോലൊരു അവസരം കിട്ടിയെന്ന് വരില്ല. അവന്റെ ഉള്ളിലിരുന്നു ആരോ മന്ത്രിച്ചു.

അവൻ ഇരുട്ടിൽ തിരഞ്ഞു. കുറച്ചു ചുടുകട്ടകൾ  അടുത്ത് ചാരി വച്ചിരിക്കുന്നത്  കണ്ണിൽപെട്ടു.  ഒരെണ്ണം കയ്യിലെടുത്ത്   പതിയെ എണീറ്റു. മൂത്രം ഒഴിക്കുന്നതിന്റെ അവസാനഘട്ടത്തിൽ എത്തിയ  തമ്പിയുടെ പിന്നിലെത്തി  സകല ശക്തിയുമെടുത്ത്  അയാളുടെ തലയ്ക്കു പിന്നിൽ ഒരൊറ്റ ഇടി ഇടിച്ചു. പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ   അമറികൊണ്ട്  അയാൾ വാഴ ചുവട്ടിൽ മുഖമടിച്ചു വീണു.

തമ്പിയുടെ നിലവിളി  വ്യക്തമായി ധൃതി മുകളിൽ നിന്ന്  കേട്ടു. അവൾ ആന്തലോടെ അവിടേയ്ക്ക് ശ്രദ്ധിച്ചു. എന്തൊക്കെയോ താഴെ സംഭവിക്കുന്നുണ്ട്.  പക്ഷെ ഒന്നും കാണാൻ കഴിയുന്നില്ല.

വിഷ്ണുവേട്ടനെ അയാൾ കണ്ടോ? വീണ്ടും അടി ആയോ?  എന്നൊക്കെ ചിന്തിച്ച് ആധി പിടിച്ചു  നിൽക്കുമ്പോൾ  ഒഴിഞ്ഞ വീടിനോട് ചേർന്നുള്ള  മതിലിന്റെ ഓരം പറ്റി  വിഷ്ണു ഓടി പോകുന്നത് കണ്ടു. അവൻ മതിലിന്റെ മുകളിലൂടെ റോഡിലേക്ക് കുതിച്ചു ചാടുന്നു. ആശ്വാസത്തോടെ  ധൃതി നെഞ്ചിൽ കൈ വച്ചു. 

നിശാശാലഭം 🪷Where stories live. Discover now