രാത്രിയിൽ വിഷ്ണു അമ്മയെ വിളിച്ചപ്പോഴാണ് കാർത്തികയുടെ കല്യാണത്തെ കുറിച്ചറിയുന്നത്. അവൻ അത്ഭുതപ്പെട്ടു.
"ഈ വരുന്ന വ്യാഴാഴ്ചയോ... ഇത്ര പെട്ടന്നോ?"
"ചെറുക്കന് ഗൾഫിലാ ജോലി. ലീവ് ഇല്ലത്രെ. അത് കൊണ്ട് തീരുമാനിച്ചതും ഉറപ്പിച്ചതുമൊക്കെ പെട്ടന്നായിരുന്നു. എന്തായാലും എന്റെ പ്രാർത്ഥന തേവര് കേട്ടു. ഇനി എല്ലാമൊന്ന് ഭംഗിയായി അവസാനിച്ചാൽ മതിയായിരുന്നു."
വിഷ്ണുവിന്റെ മനസിലും അങ്ങനെ തന്നെയായിരുന്നു. കാർത്തു നല്ലൊരു കുടുംബജീവിതത്തിലേക്ക് വലതു കാൽ വച്ചു കയറുന്നത് മറ്റാരേക്കാളുമധികം സന്തോഷിക്കുന്നത് അവനായിരുന്നു. ഇല്ലെങ്കിൽ ഒരു കുറ്റബോധം എന്നും മനസ്സിൽ കിടക്കും. അതൊരു കാരമുള്ള് പോലെ ഹൃദയത്തേ വരഞ്ഞു മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇപ്പോൾ കാറ്റും കോളുമൊഴിഞ്ഞ കടല് പോലെ മനസ് ശാന്തമായതായ് അവന് തോന്നി.
" റ്റൊരു കാര്യം കൂടി ദേവൻ പറഞ്ഞിട്ട് പോയി. ആ കല്യാണം കൂടാൻ നീ ചെല്ലരുതെന്ന്..."
"അമ്മാവന് എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ? "
"ഒരു കണക്കിന് നോക്കിയാൽ അവൻ പറയുന്നതിലും കാര്യമില്ലേ മോനെ. ഒരു വിധം ആ പെങ്കൊച്ചിനെ പറഞ്ഞു സമ്മതിപ്പിച്ചു വച്ചേക്കുന്നതാ. ഇനി നിന്നെ എങ്ങാനും കണ്ടിട്ട് അവൾ തീരുമാനം മാറ്റിയാൽ ഇത്രേം കഷ്ടപ്പെട്ടു സ്വരുകൂട്ടി കൊണ്ട് വന്നതൊക്കെ വെറുതെയാവും. ഇനി നീയായിട്ട് അവളുടെ കല്യാണം മുടക്കിയെന്ന പേര് വരുത്തണ്ട."
വിഷ്ണു അതിന് മറുപടിയൊന്നും പറഞ്ഞില്ല.
"നിനക്ക് വിഷമം ഉണ്ടാവുംന്ന് അറിയാം. എന്നാലും നീ വരാതിരിക്കുന്നതാ നല്ലത്. ആ കല്യാണം മംഗളമായി നടന്നോട്ടേ." ദേവുമ്മ പറഞ്ഞു നിർത്തി.
ധൃതി വിളിച്ചപ്പോൾ വിഷ്ണു കാർത്തികയുടെ കല്യാണത്തെ കുറിച്ച് പറഞ്ഞു.
"വ്യാഴാഴ്ചയല്ലേ. വിഷ്ണുവേട്ടൻ പോകുന്നുണ്ടോ? ധൃതി ചോദിച്ചു.
'പോകണം' എന്ന് തന്നെയാണ് അവൻ പറഞ്ഞത്. അത് അറിയാതെ പറഞ്ഞു പോയതല്ല. അവന്റെ ഉള്ളിലും അങ്ങനെ തന്നെ ആയിരുന്നു. താനാ കല്യാണത്തിന് കൂടരുതെന്നാണ് അമ്മാവൻ പറഞ്ഞിരിക്കുന്നത്. അവർക്ക് താൻ ശത്രുവാണ്. അവരുടെ മകളെ നിക്ഷേധിച്ച ആജന്മ ശത്രു. പക്ഷെ അവളെന്റെ അനുജത്തിയാണ്. താൻ എടുത്തു കൊണ്ട് നടന്നവൾ തന്റെ കൈ പിടിച്ചു നടക്കാൻ പഠിച്ചവൾ. ഉറപ്പുണ്ട്. അവളൊരിക്കലും തന്നെ ശത്രുവായ് പ്രഖ്യാപിക്കില്ല. തന്നെ കണ്ടാൽ വിഷ്ണുവേട്ട എന്ന് വിളിച്ചു ഓടി വരികയും ചെയ്യും. വിഷ്ണുവിന് പെട്ടന്ന് സങ്കടം വന്നു. നെഞ്ചു വിങ്ങുന്നു. ആരൊക്കെ വരണ്ടാന്ന് പറഞ്ഞാലും അവളുടെ കല്യാണം ഒന്ന് കാണണം. ആരെയും ശല്യം ചെയ്യാതെ ദൂരെ നിന്നെങ്കിലും. അപ്പോൾ ധൃതിയുടെ ഒച്ച കാതിൽ കേട്ടു.