ഓഫീസിൽ നിന്നും ആയുഷ് വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ ഫോൺ വന്നു. അവന്റെ പതറിയ ഒച്ച കേട്ടപ്പോൾതന്നെ ആയുഷ്ന് യ്ക്ക് എന്തോ പന്തികേട് മണത്തു.
"എന്താടാ? "
"എവിടാ ഡാ ? "
"വീട്ടിലുണ്ട്. എന്താടാ എന്തുപറ്റി? "
"നീ ഇങ്ങോട്ടൊന്ന് വരോ? "
"എന്തെങ്കിലും പ്രശ്നമുണ്ടോ? "
വിഷ്ണു മൂളി.
"നീ ഫോൺ വച്ചോ. ഞാൻ ദേ എത്തി."
കൂടുതൽ സംസാരിച്ചു സമയം കളയാതെ ആയുഷ് വിഷ്ണു വിന്റെ അടുത്തേക്ക് പാഞ്ഞു. ആ വാടക വീടിന്റെ മുന്നിലെത്തിയപ്പോൾ ആളുകൾ അങ്ങിങ്ങ് കൂടി നിന്ന് സംസാരിക്കുന്നത് കണ്ടു. അവൻ ഗേറ്റ് തുറക്കുന്നത് ശ്രദ്ധിച്ച് രണ്ടു പേർ അവന്റെ അടുത്തേക്ക് വന്നു.
"തന്റെ ആരാ ഇവിടെ താമസിക്കുന്നെ? "
"ഫ്രണ്ട്. "
"ആദ്യം താനയാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്ക്. ഇടിയൻ തമ്പി അവനെ ഇടിച്ച് ഇഞ്ചപരുവം ആക്കീട്ടുണ്ട്. "
"എന്തിന് ? '
ആയുഷ് അന്തം വിട്ട് നോക്കി.
"മോളേ കേറി പിടിച്ചെന്നൊക്കെ അയാള് പറയുന്നുണ്ട്. പക്ഷെ സീൻ കണ്ടിട്ട് ഞങ്ങൾക്കങ്ങനെ തോന്നുന്നില്ല..."
ഗേറ്റ് തുറന്ന് അവൻ അകത്തേക്ക് പാഞ്ഞു. വിഷ്ണുവിനെ കണ്ട് അവൻ ഞെട്ടിപ്പോയി.
"എന്താടായിത്... എന്തൊക്കെയാ ഇവിടെ നടക്കുന്നെ?" അവൻ ആന്തലോടെ ചോദിച്ചു.
"പറയാം. ആദ്യം ഈ വീട് ഒഴിഞ്ഞു കൊടുക്കണം."
"ആദ്യം നീ കാര്യം പറയ് വിഷ്ണു . എന്താ ഉണ്ടായേ?"
അക്ഷമയോടെ ആയുഷ്യന്റെ ചോദ്യം. വിഷ്ണു ചുരുങ്ങിയ വാക്കുകളിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കി. ആയുഷ്യന്റെ നിയന്ത്രണം വിട്ടു.
"പ്രേമിക്കുന്നത് തെറ്റാണെങ്കിൽ അയാളുടെ മോളും തെറ്റുകാരിയല്ലേ. അതിന് നിന്നെമാത്രം ഇങ്ങനെ ശിക്ഷിക്കണോ. നിനക്കെന്താ ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ. ഈ ലോകത്ത് അയാൾക്ക് മാത്രേ പെണ്മക്കളുള്ളു. നീ ഇവിടെ ഇരിക്ക്. ഞാനയാളെ ഒന്ന് കണ്ടിട്ട് വരട്ടെ..."