പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞു ഓഫീസിൽ നിന്നും വിഷ്ണുവും ആയുഷ്ഉം ഒപ്പം അവന്റെ ഒരു റിലേറ്റീവിന്റെ വീട്ടിലേക്ക് പോയി. അവിടെ ഒരു കുട്ടിയുടെ birthday celebration ആയിരുന്നു. അടുത്ത ബന്ധു ആയതു കൊണ്ട് ആയിഷന് പോയേ പറ്റുള്ളൂ. വിഷ്ണുവിനെ അവൻ നിർബന്ധിച്ചു കൂട്ടുകയായിരുന്നു.പോകുന്ന വഴി കുട്ടിയ്ക്ക് വേണ്ടി ആയുഷ് ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങിയപ്പോൾ വിഷ്ണുവും ഒരെണ്ണം വാങ്ങി.
"അതിന്റെ ആവശ്യം ഇല്ലടാ നമുക്ക് രണ്ടു പേർക്കും കൂടി ഇത് കൊടുക്കാം" എന്ന് ആയുഷ് വിലക്കിയതാണ്. പക്ഷെ വിഷ്ണു സമ്മതിച്ചില്ല.
വെറും കയ്യോടെ അവിടേയ്ക്ക് പോവാൻ അവൻ മടിച്ചു. Birthday party കഴിഞ്ഞു തിരികെ വീട്ടിൽ എത്തിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു. വിഷ്ണുവിനെ ഗേറ്റിൽ ഇറക്കി ആയുഷ് മടങ്ങി. ഗേറ്റ് അടയ്ക്കുമ്പോൾ വിഷ്ണു എതിർ വീട്ടിലേക്ക് ശ്രദ്ധിച്ചു. ബാൽക്കണിയിലേക്ക് തുറക്കുന്ന ആ വാതിൽ അടഞ്ഞു കിടക്കുന്നു. ചില്ലു ജനാലയിലൂടെ ഉള്ളിലെ വെളിച്ചം കാണാം. താഴത്തെ പ്രധാന വാതിലും അടഞ്ഞ നിലയിൽ.
വനജ ഡ്യൂട്ടിയ്ക്ക് പോയിട്ടുണ്ടാവും. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അവർക്ക് day duty തുടങ്ങുമെന്ന് അവൾ പറഞ്ഞിരുന്നു . പിന്നെ ഒരാഴ്ച രാത്രിയിൽ അമ്മ ഉണ്ടാവും എന്നൊരു സന്തോഷം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
ധൃതിയേ കുറിച്ച് ആലോചിക്കുമ്പോൾ ഒരു പ്രത്യേക ഇഷ്ടവും വാത്സല്യവും ഹൃദയത്തിൽ നിറയുന്നു. പാവം കുട്ടി. അവൻ ഫോൺ എടുത്തു ധൃതിയുടെ നമ്പറിലേക്ക് വിളിച്ചു. പക്ഷെ കാൾ എടുക്കുന്നില്ല. വാതിൽ തുറക്കുമ്പോഴും അവൻ ഇടയ്ക്ക് തിരിഞ്ഞു ആ ബാൽക്കണിയിലേക്ക് മുഖം എത്തിച്ചു നോക്കുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു ഒരു കാവി മുണ്ടും ബനിയനും ധരിച്ച് മുടി ചീകി ഒതുക്കി വച്ചു കൊണ്ട് കിടക്കയിലേക്ക് കിടന്നു. ഫോണിൽ ശ്രദ്ധിച്ചു. ധൃതിയുടെ കാളോ മെസേജോ കണ്ടില്ല. ഇവൾക്കിത് എന്തുപറ്റി എന്ന് ചിന്തിച്ചു വീണ്ടും വിളിക്കാൻ തുടങ്ങുമ്പോൾ വനജയുടെ കാൾ വന്നു.