വെള്ളിയാഴ്ച രാത്രിയിലെ ട്രെയിനിലാണ് വിഷ്ണു നാട്ടിലേക്ക് തിരിച്ചത്. അവൻ വീട്ടിൽ എത്തുമ്പോൾ നേരം പുലർന്നിരുന്നു.തോളിൽ ബാഗും കയ്യിൽ കവറും തൂക്കി തൊടി കയറി ചെല്ലുമ്പോൾ കാർത്തിക തൊഴുത്തിൽ നിന്നും പശുവിനെ അഴിച്ചു പുറത്തേക്കു കൊണ്ടു വരുന്നത് കണ്ടു.
"കുട്ടേട്ടനോ.... ഇതെന്താ ഇത്ര രാവിലെ ?" അവൾ വിസ്മയത്തോടെ നോക്കി.
"അതെന്താടി എനിക്ക് രാവിലെ ഇങ്ങോട്ട് വരാൻ പാടില്ലേ?"
അത് കേൾക്കാൻ നിൽക്കാതെ അവൾ വീടിനു നേരെ നോക്കി ഉച്ചത്തിൽ വിളിച്ചു കൂവി :
"അമ്മായി.... ദേ വിഷ്ണുവേട്ടൻ വന്നൂ.... !"
"നിന്റെ ബഹളം കേട്ടാൽ തോന്നുമല്ലോ വർഷങ്ങൾക്ക് മുന്നേ നാട് വിട്ടുപോയ ആൾ മടങ്ങി വന്നതാണെന്ന്..."
"അങ്ങനെ തന്നെയാ എനിക്ക് തോന്നണേ..."
അവൾ തിടുക്കത്തിൽ അടുത്ത് കണ്ട പുളി മരത്തിലേക്ക് പശുവിനെ കെട്ടിയിട്ടു വിഷ്ണുവിന്റെ പിന്നാലെ ചെന്നു.
"ബാഗ് ഇങ്ങ് താ ഞാൻ പിടിക്കാം. "
"ഇതിൽ ഒന്നുമില്ലടി. എന്റെ കുറച്ചു മുഷിഞ്ഞ തുണികളാ."
"അതിനിപ്പോ എന്താ" ബാഗ് വാങ്ങി അവൾ തോളിൽ തൂക്കി.
"നീയിവിടെ സ്ഥിരതാമസം ആക്കിയോ?"
മുന്നിൽ നടക്കുമ്പോൾ വിഷ്ണു കളിയായി ചോദിച്ചു.
"പിന്നേ... ഞാനല്ലേ ഈ വീടിപ്പോ ഭരിക്കുന്നെ."
"എന്റമ്മ ജീവനോടെ ഉണ്ടോ ആവോ ?"
"എന്റമ്മായി അല്ലെ. ജീവൻ കളഞ്ഞാ ഞാൻ നോക്കണേ. അതിരിക്കട്ടെ എനിക്കെന്താ വിഷ്ണുവേട്ട മേടിച്ചു കൊണ്ട് വന്നേ? "
"ഒന്നും വാങ്ങീല്ലടി...."
"ദുഷ്ടൻ...." കാർത്തിക പിറുപിറുത്തു.
"ഞാൻ കരുതി തിരുവനന്തപുരത്ത് പോകുമ്പോഴെങ്കിലും ഈ പിശുക്കിത്തരം കുറച്ചു കുറയുമെന്നാ . ഇത് കൂടിയോ? "
"ശമ്പളം കിട്ടട്ടെ നിനക്ക് ഞാൻ ഒരു ജോഡി ഡ്രസ്സ് എടുത്തു തരാം...പോരെ? "