പ്രവാചകരുടെ പിതൃസഹോദരനും മുലകുടി ബന്ധത്തിലെ സഹോദരനുമാണ് ഹംസ (റ). പ്രവാചകന്‍ ജനിക്കുന്നതിന്റെ രണ്ടു വര്‍ഷം മുമ്പു ജനിച്ചു. ഇരുവര്‍ക്കും അബൂലഹബിന്റെ അടിമ സുവൈബ മുലകൊടുത്തിട്ടുണ്ട്. അബൂ ഉമാറ എന്ന പേരില്‍ അറിയപ്പെട്ടു. ഒന്നിച്ചു വളരുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തതിനാല്‍ പ്രവാചകത്വത്തിനു മുമ്പുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
നുബുവ്വത്തിന്റെ രണ്ടാം വര്‍ഷം മുസ്‌ലിമായി. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്: ഒരിക്കല്‍ അദ്ദേഹം വേട്ടക്കു വേണ്ടി പോയതായിരുന്നു. അപ്പോള്‍, അബൂ ജഹല്‍ പ്രത്യക്ഷപ്പെടുകയും പ്രവാചകരെ ചീത്ത പറയുകയും ചെയ്തു. അബ്ദുല്ലാഹി ബ്‌നു ജദ്ആന്റെ ഭൃത്യ ഇത് കേള്‍ക്കാനിടയായി. ഹംസ (റ) മടങ്ങിവന്നപ്പോള്‍ അവള്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. തന്റെ സഹോദര പുത്രനെ അബൂജഹല്‍ അധിക്ഷേപിച്ചത് ഹംസ (റ) ക്ക് സഹിക്കാനായില്ല. അദ്ദേഹമുടനെ അബൂജഹലിന്റെ മുമ്പില്‍ ചെന്നു. കയ്യിലുണ്ടായിരുന്ന അമ്പുകൊണ്ട് അദ്ദേഹത്തിന്റെ തലക്കടിച്ചു. ഞാനും മുഹമ്മദിന്റെ മതത്തിലാണെന്നും അവന്‍ പറയുന്നത് തന്നെയാണ് ഞാനും പറയുന്നതെന്നും പറഞ്ഞു. ഇത് കേട്ടപ്പോള്‍ മഖ്‌സൂം ഗോത്രത്തിലെ ആളുകള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കാനായി മുന്നോട്ടിറങ്ങി. അബൂജഹല്‍ ഇത് തടഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ സഹോദര പുത്രനെ അധിക്ഷേപിച്ചിരുന്നുവെന്നും അതിനാല്‍ അവനെ നിങ്ങള്‍ വെറുതെ വിടുകയെന്നും കല്‍പിച്ചു.
ഇതോടെ ഹംസ (റ) ന്റെ മനസ്സ് മാറി. അദ്ദേഹം കഅബാലയത്തില്‍ ചെല്ലുകയും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. താമസിയാതെ ആ ഹൃദയത്തില്‍ ദൈവിക വെളിച്ചം കിട്ടി. ശേഷം, പ്രവാചകര്‍ക്കടുത്തുചെന്ന് തന്റെ വിശ്വാസം പ്രഖ്യാപിച്ചു. ധീരനായ ഈ വില്ലാളിവീരന്റെ ഇസ്‌ലാമാശ്ലേഷത്തില്‍ പ്രവാചകര്‍ക്കു സന്തോഷമായി.
ഹംസ (റ) വിന്റെ കടന്നുവരവ് ഇസ്‌ലാമിന് ശക്തി പകര്‍ന്നു. ശത്രുക്കള്‍ക്കിത് വലിയ ഭീഷണിയായി. അവര്‍ ആക്രമണങ്ങള്‍ ചുരുക്കുകയും പുതിയ രാഷ്ട്രീയം സ്വീകരിക്കുകയും ചെയ്തു. ഉത്ബയെ പോലുള്ളവര്‍ പ്രവാചകരെ വിട്ടുകൊടുക്കാന്‍ അവരെ പണവും പത്രാസും നല്‍കി വശീകരിക്കാന്‍ ശ്രമിച്ചു. ഹംസ (റ) ഒന്നിനും വശംവദരായില്ല. അവര്‍ സിംഹഗര്‍ജ്ജനത്തോടെ ഇസ്‌ലാമിന്റെ കാവല്‍ഭടനായി നിലകൊണ്ടു.
പ്രവാചകരോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയി. മദീനയില്‍ അദ്ദേഹത്തിനും സൈദ് ബിന്‍ ഹാരിസ (റ) ക്കുമിടയില്‍ പ്രവാചകന്‍ ചെങ്ങാത്തം സ്ഥാപിച്ചു. ഇസ്‌ലാമിലെ പ്രഥമ പോരാട്ടമായ ബദര്‍ ഹംസ (റ) ന്റെ ധീരതാ പ്രകടനത്തിന്റെ രംഗവേദിയായിരുന്നു. മുസ്‌ലിംകളുടെ ജലസംഭരണി തകര്‍ക്കാന്‍ വന്ന അസ്‌വദ് ബിന്‍ അബ്ദുല്‍ അസ്‌വദിനെ അദ്ദേഹം തുടക്കത്തില്‍ തന്നെ വകവരുത്തി. ശേഷം, ദന്ദ്വയുദ്ധമാരംഭിച്ചപ്പോള്‍ ശൈബത്തായിരുന്നു തന്റെ പ്രതിയോഗി. ഞൊടിയിടയില്‍ അവന്റെ കഥകഴിച്ച അദ്ദേഹം ഉബൈദയുമായി മല്‍പിടുത്തത്തിലായിരുന്ന ഉത്ബയെകൂടി വകവരുത്തി. ബദറില്‍ മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചതിനു പിന്നില്‍ മുഖ്യപങ്ക് ഹംസ (റ) വിനായിരുന്നു. അനവധി ശത്രുക്കളെ യമപുരിയിലേക്കയച്ച അദ്ദേഹം എതിരാളികള്‍ക്കുമുമ്പില്‍ ഇസ്‌ലാമിന്റെ ശക്തി ഉയര്‍ത്തിക്കാട്ടി. അതുകൊണ്ടുതന്നെ, പ്രവാചകന്‍ അദ്ദേഹത്തെ അസദുല്ലാഹ് (അല്ലാഹുവിന്റെ സിംഹം) എന്നു വിളിച്ചു.
ബദ്‌റില്‍ തങ്ങളെ വെള്ളം കുടിപ്പിച്ച ഹംസയെ വകവരുത്തണമെന്ന പ്രതിജ്ഞയോടെയാണ് ഉമയ്യത്തും സംഘവും മടങ്ങിപ്പോയത്. ഉത്ബയുടെ മകള്‍ ഹിന്ദും അതുതന്നെ പ്രഖ്യാപിച്ചു. അതിന് തക്കം പാര്‍ത്തിരുന്ന അവര്‍ ഉഹ്ദിന് കളമൊരുക്കി. പ്രതികാരമായിരുന്നു ഇതില്‍ മുഖ്യ ഉദ്ദേശം. ജുബൈറു ബ്‌നു മുഥ്ഇം തന്റെ അടിമയായ വഹ്ശിയെ വിളിച്ച് ഈ യുദ്ധത്തില്‍ ഹംസയെ വകവരുത്തിയാല്‍ താന്‍ സ്വതന്ത്രനായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ, ഉഹ്ദിന്റെ ദിവസം വന്നെത്തി. ഹംസ (റ) സുധീരം രണാങ്കണത്തില്‍ അടരാടിക്കൊണ്ടിരുന്നു.യുദ്ധം മുറുകിയപ്പോള്‍ തന്റെ ഇരതേടി വഹ്ശി ഇറങ്ങി. യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി... പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു....
യുദ്ധത്തിന്റെ അന്ത്യത്തില്‍ വഹ്ശി ഹിന്ദിനേയും കൂടി ഹംസയുടെ ശരീരത്തിനടുത്ത് എത്തിയെത്രെ... ഹംസ(റ) ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു... അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു... രാക്ഷസീയതയോടെ ഹംസ(റ)യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു... ആര്‍ത്തിയോടെ ചവച്ച് തുപ്പി...
പില്‍കാലത്ത് ഹിന്ദിനും വഹ്ശിക്കും പുണ്യറസൂല്‍ മാപ്പ് നല്‍കി... അവര്‍ നബിതിരുമേനിയുടെ ശിഷ്യരായി... ഒരിക്കല്‍ സദസ്സില്‍ തൊട്ടുമുമ്പില്‍ ഇരിക്കുന്ന വഹ്ശിയെ കണ്ടപ്പോള്‍ അവിടുത്തെ കണ്ണുകള്‍ നിറഞ്ഞു... തൊണ്ടയിടറി... “വഹ്ശീ താങ്കള്‍ കഴിയുന്നതും നേരെ മുമ്പില്‍ ഇരിക്കരുതേ... ഞാന്‍ എന്റെ ഹംസയെ ഓര്‍ത്ത് പോവുന്നു...” എന്ന് അടഞ്ഞ ശബ്ദവുമായി ലോകഗുരു പറഞ്ഞെത്രെ...
“രക്ത സാക്ഷികളുടെ നേതാവേ അങ്ങേയ്ക്ക് എന്റെ സലാം...”
Courtesy:whatsapp
DU LIEST GERADE
Islamic Stories' N' Quotes
Spirituelles☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....