ഉമറും ഖാലിദും..!

171 3 0
                                    

"ഖാലിദിനെ സ്ഥാനഭ്രഷ്ടനാക്കണം. അദ്ദേഹത്തെ പരസ്യവിചാരണക്കു വിധേയനാക്കണം".. ഖലീഫ ഉമറിന്റെ തീരുമാനം ഉറച്ചതായിരുന്നു.. പ്രമുഖ സഹാബികള്‍ ഉമറിനെ ആവുന്നത്ര തിരുത്താന്‍ ശ്രമിച്ചു നോക്കി..

"അമീറുല്‍ മു'മിനീന്‍, താങ്കള്‍ അത് ചെയ്യരുത്. ഖാലിദുബ്നുല്‍ വലീദ് ഇസ്ലാമിക രാഷ്ട്രത്തിന്റെ തന്നെ അഭിമാനമാണ്, ആവേശമാണ്, ആത്മവിശ്വാസമാണ്.. അല്ലാഹുവിന്റെ വാള്‍ എന്നാണു ഖാലിദിനെ നബി വിശേഷിപ്പിച്ചത്. മുസ്ലിം സൈന്യത്തിന് വേണ്ടി നബി ഉയര്‍ത്തിയ പതാകയാണ് ഖാലിദ്. റോമിനേയും പേര്‍ഷ്യയെയും തകര്‍ത്ത് അവരുടെ ത്വാഗൂത്തിയന്‍ വ്യവസ്ഥകള്‍ക്ക് പകരം തദ്സ്ഥാനത്ത് മാനവികതക്കു മാര്‍ഗദര്‍ശനവും ചരിത്രത്തിനു തണലും നാഗരിഗതക്ക് നിറകൂട്ടുമായി ഒരു ഇസ്ലാമികവ്യവസ്ഥയെ കെട്ടിപ്പടുക്കാന്‍ മുസ്ലിം ലോകത്തിനു സാധിച്ചതില്‍ മുഖ്യപങ്കു വഹിച്ചത് ഖാലിദിന്റെ വാള്‍തലപ്പുകള്‍ തന്നെയാണ്.. അബൂഉബൈദയും അംറ് ബിന്‍ ആസ്വും ഇഖ്രിമയും ശുറഹ്ബീലും എല്ലാം പതറിയിടത്ത് ഖാലിദ് ആയിരുന്നു മുസ്ലിം സൈന്യങ്ങള്‍ക്ക് രക്ഷകന്‍ ആയി അവതരിച്ചിരുന്നത്.. അതിനാല്‍ ഖാലിദിനെ സൈന്യത്തില്‍ നിന്നും പുറത്താക്കുക എന്നത് മുസ്ലിം ലോകത്തിനു തന്നെ ദോഷം ചെയ്യും.. അല്ലയോ അമീറുല്‍ മു'മിനീന്‍.. താങ്കള്‍ അത് ചെയ്യരുത്."

ഉമറിന്റെ മറുപടി ഗംഭീരവും ഉറച്ചതും ആയിരുന്നു.. "അതെ, ഇത് തന്നെയാണ് ഞാന്‍ ഭയക്കുന്നത്.. ഖാലിദ് ആണ് എല്ലാം എന്ന ഈ മനോഭാവം.. നാളെ ഖാലിദ് മരണപ്പെട്ടാല്‍ അതോടെ തകരുമോ ഈ സമുദായം.. ഖാലിദിനെക്കാള്‍ എത്രയോ ശ്രേഷ്ടനായ നബി മരണപ്പെട്ടിട്ട് പോലും ഈ സമുദായം മുന്നോട്ടു തന്നെയാണല്ലോ കുതിച്ചത്.. അതിനാല്‍ അല്ലാഹുവാണേ, ഖാലിദ് അല്ല, ദൈവമാണ് തന്റെ ദീനിനെ വിജയിപ്പിക്കുന്നത് എന്ന് തെളിയിക്കാനായി ഞാന്‍ ഖാലിദിനെ സ്ഥാനഭ്രഷ്ടനാക്കുക തന്നെ ചെയ്യും..!!"

------------------------------------------------------------------------

അന്ന് രാത്രി കിടക്കുമ്പോള്‍ തന്റെ തീരുമാനം ഉമര്‍ എന്ന മഹാമേരുവിനെ അല്‍പ്പമെങ്കിലും കുലുക്കിയിട്ടുണ്ടാവുമോ? മുസ്ലിം ലോകത്തെ ഒന്നടങ്കം ഞെട്ടിക്കാന്‍ പോകുന്ന ഒരു സുപ്രധാനമായ തീരുമാനം ആണ് ഉമര്‍ എടുക്കാന്‍ പോകുന്നത്.. കാരണം ഖാലിദ് അത്രത്തോളം മുസ്ലിം ലോകത്തിനു ഒരു ഹരമാണ്.. നൂറുകണക്കിന് യുദ്ധങ്ങളില്‍ പങ്കെടുത്ത, അതില്‍ ഒരുതവണ പോലും പരാജയം രുചിച്ചിട്ടില്ലാത്ത പടനായകന്‍.. ഉമറിനറിയാം ഖാലിദിനെ, വ്യക്തമായി.. ഖാലിദിന്‍റെ ഓരോ വളര്‍ച്ചയും കണ്ടറിഞ്ഞവനാണ് ഉമര്‍. ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. ഒരേ കളരിയില്‍ അഭ്യസിച്ചവര്‍, ബന്ധുക്കള്‍.. മാനവകിതയുടെ വിമോചനമന്ത്രവുമായി നബി വന്നപ്പോള്‍ ഒരുമിച്ചു നിന്ന് എതിര്‍ത്തവര്‍. പിന്നീട് ഉമര്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ പോര്‍മുഖങ്ങളില്‍ അവര്‍ പരസ്പരം ശത്രുഭാഗങ്ങളില്‍ കണ്ടു.. അന്നും ഖാലിദിനെ ഇസ്ലാമിലേക്ക് കിട്ടാന്‍ നബി പ്രാര്‍ഥിക്കുന്നത്‌ ഉമര്‍ കണ്ടിട്ടുണ്ട്.. നബിയുടെ പ്രാര്‍ത്ഥനയുടെ സഫലീകരണം എന്നോണം ഖാലിദ് ഇസ്ലാമിലെക്കെത്തി.. മദീനയില്‍ ഇസ്ലാം സ്വീകരിക്കാനെത്തിയ ഖാലിദിന്റെ കൈകള്‍ പിടിച്ചു കൊണ്ട് മദീനാവാസികളോട് ആഹ്ലാദത്തോടെ നബി പറഞ്ഞ വാക്കുകള്‍ ഉമറിനു ഓര്‍മ്മയുണ്ട് "ഇതാ ഖാലിദുബ്നുല്‍ വലീദ്.. മക്ക അതിന്റെ കരളിന്റെ കഷ്ണത്തെയാണ്‌ നമുക്ക് ഇട്ടു തന്നിരിക്കുന്നത്".. അന്ന് മുതല്‍ ഖാലിദിന്റെ പരാജയം രുചിച്ചിട്ടില്ലാത്ത വാള്‍ ഇസ്ലാമിന് വേണ്ടി ചലിച്ചു തുടങ്ങി.. രണ്ടു ലക്ഷം റോമാക്കാരുടെ മുന്നില്‍ പെട്ട വെറും മൂവായിരം മാത്രം വരുന്ന മുസ്ലിം സൈന്യത്തിന്റെ ആദ്യ മൂന്നു സൈന്യാധിപന്മാരും കൊല്ലപ്പെട്ടപ്പോള്‍, മുസ്ലിം സൈന്യത്തെ രക്ഷപ്പെടുത്തിയത് ഖാലിദിന്റെ ഒരിക്കലും പാളാത്ത യുദ്ധതന്ത്രങ്ങളാണ്. മദീനയിലേക്ക് മുസ്ലിം സൈന്യവുമായി വന്ന ഖാലിദിനെ കണ്ടപ്പോള്‍ പിന്തിരിഞ്ഞോടി വന്നതാണെന്ന് കരുതി ഖാലിദിന് നേരെ മണ്ണെറിയാന്‍ തുടങ്ങിയ ജനത്തെ തടഞ്ഞു കൊണ്ട് കുതിരപ്പുറത്തു അശ്വാരൂഢനായി ഇരിക്കുന്ന ഖാലിദിനെ ചൂണ്ടി കാണിച്ചു കൊണ്ട് പുഞ്ചിരിയോടെ നബി വിളിച്ചു പറഞ്ഞു.. "അല്ലാഹുവിന്റെ വാള്‍..!!". സത്യനിഷേധികള്‍ക്കെതിരെ അല്ലാഹു ഉറയൂരിയ വാള്‍.. മഹത്തായ വിശേഷണം.. അന്ന് മുതല്‍ ഖാലിദ് ആ നാമത്തിലാണ് അറിയപ്പെട്ടത്.. പിന്നീടങ്ങോട്ട് 'ഖാലിദ് ഇറ' എന്ന് തന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു കാലമാണ് ചരിത്രം കണ്ടത്.. പുളച്ചുമതിക്കുന്ന ആ വാള്‍ ദിഗന്തസീമകളെ കീഴ്പ്പെടുത്തിയല്ലാതെ അടങ്ങുകയില്ലെന്ന്‍, അവിടം ചെന്നല്ലാതെ അവസാനിക്കുകയില്ലെന്ന് നബി നേരത്തേ നോക്കിക്കണ്ടു. ലോകം അടക്കി വാണിരുന്ന മഹാശക്തികളായ റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍, ലോകത്ത് ഏറ്റവും പിന്നോക്കം നിന്നിരുന്ന മക്കാ മരുഭൂമിയില്‍ പിറന്ന അറബിമുഷ്കന്റെ വാള്‍തലപ്പുകളില്‍ കടപുഴകി വീഴുന്ന അല്ഭുതകാഴ്ചകള്‍ ലോകം കണ്ടു.. ഇസ്ലാം വളരുകയായിരുന്നു.. ഒപ്പം ഖാലിദും..!!

Islamic Stories' N' QuotesWhere stories live. Discover now